Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ukrain

യുക്രെയ്നിൽ അണ്വായുധം പ്രയോഗിക്കാനുള്ള ആലോചനയിൽ പുടിൻ; അരുതെന്ന് ഇന്ത്യയും ചൈനയും

 


മോസ്കോ: യുക്രെയ്ൻ യുദ്ധം അന്തമില്ലാതെ നീളുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്‍റ് പുടിൻ അറ്റകൈപ്രയോഗം എന്ന നിലയിൽ അണ്വായുധം പ്രയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. പുടിനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കയിലെ ബ്ലൂംബെർഗ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.

യുദ്ധഭൂമിയിൽ പ്രയോഗിക്കാൻ വികസിപ്പിച്ച ടാക്ടിക്കൽ അണ്വായുധങ്ങളാണ് പുടിന്‍റെ പരിഗണനയിലുള്ളത്. നഗരങ്ങളെ നശിപ്പിക്കുന്ന സ്ട്രാറ്റജിക് അണ്വായുധങ്ങളെ അപേക്ഷിച്ച് ടാക്‌ടിക്കൽ ആയുധങ്ങൾക്ക് പ്രഹരശേഷി കുറവാണ്. എന്നിരുന്നാലും വലിയ തോതിലുള്ള നാശത്തിനു പുറമേ അണുവികിരണത്തിനും പരിസ്ഥിതിപ്രശ്നങ്ങൾക്കും ഇവ കാരണമാകും.

അണ്വായുധം പ്രയോഗിക്കുന്നതിനെതിരേ ഇന്ത്യയും ചൈനയും പുടിനു മുന്നറിയിപ്പു നല്കിയതായും റിപ്പോർട്ടിൽ പറയുന്നു. അങ്ങനയൊരു ആലോചനയേ വേണ്ടെന്ന സന്ദേശമാണ് ചൈന പുടിനു കൈമാറിയത്. യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയും യൂറോപ്യൻ നേതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടിലുണ്ട്.

യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുടെ മധ്യസ്ഥതയിലടക്കം നടത്തിയ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് പുടിൻ കടുത്ത തീരുമാനത്തിലേക്കു നീങ്ങുന്നത്. അടുത്തിടെ യുക്രെയ്ൻ സേന റഷ്യയിലെ വ്യവസായ കേന്ദ്രങ്ങളിൽ തുടരെത്തുടരെ ഡ്രോൺ ആക്രമണം നടത്തി വലിയ നാശങ്ങളുണ്ടാക്കുന്നതിലും പുടിൻ അസ്വസ്ഥനാണ്.

റഷ്യയിൽ ആക്രമണം നടത്താൻ നാറ്റോ രാജ്യങ്ങളുടെ ആയുധങ്ങളും സാങ്കേതിക സഹായവും യുക്രെയ്നു ലഭിക്കുന്നതിൽ റഷ്യക്കു പരാതിയുണ്ട്. യുക്രെന്‍റെ ആക്രമണത്തെ നാറ്റോയുടെ ആക്രമണമായിട്ടാണത്രേ റഷ്യ പരിഗണിക്കുന്നത്.

നാറ്റോയിൽ അംഗമായ ഏതെങ്കിലുമൊരു രാജ്യത്തെ പ്രകോപിപ്പിക്കാൻ പുടിൻ വരും വർഷങ്ങളിൽ മുതിർന്നേക്കുമെന്നാണ് യുഎസ് ഇന്‍റലിജൻസ് ഏജൻസികളുടെ നിഗമനം. സൈബർ ആക്രമണമോ ചെറിയ തോതിലുള്ള കരയാക്രമണമോ ആകാമിത്.

അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ മേധാവി ജോൺ റാറ്റ്ക്ലിഫ് ഏതാനും ദിവസം മുന്പ് മോസ്കോയിലെത്തിയത് ഈ സാഹചര്യത്തിലാണ്. നാറ്റോയെ തൊട്ടുകളിക്കാൻ മുതിരരുത് എന്ന സന്ദേശമാണ് അദ്ദേഹം റഷ്യൻ നേതൃത്വത്തിനു നല്കിയത്.

Latest News

Corehub Up